Sunday, July 10, 2011

"ആടുജീവിതം" ഒരു വായനാനുഭവം.


   
      ഒരു സമൂഹം ശീലിച്ച അടിമ പ്രവര്‍ത്തിയുടെ അവശിഷ്ടങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുന്നു എന്നത് പരിഭ്രാന്തി നിറഞ്ഞ ഒരു അറിവാണ്. ബെന്യാമന്റെ 'ആടുജീവിതം' അങ്ങിനെ ഒരനുഭവ സാക്ഷ്യത്തിന്റെ ഉടമസ്ഥത വഹിക്കുന്നു. 'നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകളാണ്.' എന്നാല്‍ ബെന്യാമന്റെ ആടുജീവിതം അങ്ങിനെയാണെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല.
     അറേബ്യന്‍ നാടുകളില്‍ പ്രവാസികളാകുന്ന മലയാളികള്‍ എങ്ങനെയാണ് ആ പ്രവാസജീവിതം നയിക്കുന്നുവെന്നത് നാം അറിയുന്നില്ല. നാമത് അറിയുവാന്‍ ശ്രമിക്കാറില്ല, നമുക്കതറിയേണ്ട ആവശ്യവുമില്ല. പ്രവാസികളുടെ അധ്വാനത്തിന്റെ മുകളിലാണ് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കു ന്നത് എന്നത് നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. . അടുത്ത കാലത്തിറങ്ങിയ "ഗദ്ദാമ"എന്ന ചലച്ചിത്രവും, ഈയിടെ ഭാഷാപോഷിണിയില്‍ വന്ന കെ.യു ഇഖ്ബാലിന്റെ "ബസ്മ" എന്ന ലേഖനവും ബെന്യാമന്റെ "ആടുജീവിതം" എന്ന നോവലും പ്രവാസിയുടെ ജീവിതത്തിന്റെ ചില നേര്‍ച്ചിത്രങ്ങള്‍ തന്നെയാണ് വരച്ചിടുന്നത്.
     അറേബ്യന്‍ നാടുകളില്‍ ജീവിക്കുന്നവരെല്ലാവരും വളരെ ധനികരാണെന്നാണ് നമ്മുടെ കാഴിചപ്പാട്. എന്നാല്‍ അതിനു പിന്നില്‍ - അവര്‍ ധനികരാവുന്നതിനു പിന്നില്‍ അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും ഏറെയാണ്. അത് നാമറിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം ബെന്യാമന്റെ ആടുജീവിതത്തില്‍ വ്യക്തമാണ്.
      നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതം വിവരിക്കുകയാണ് ഇവിടെ ബെന്യാമന്‍ അറേബ്യന്‍ മരുഭൂമികളിലെ ഒരു "ആടുജീവിതം." അതെ "ആടുജീവിതം."
      കാശിന്റെ ബുദ്ധിമുട്ടിലും കടങ്ങളുടെ ഇടയിലും പൊറുതിമുട്ടിക്കഴിയുകയായിരുന്ന നെജീബ് എന്ന ചെറുപ്പക്കാരന്‍. തന്റെ ഭാര്യ സൈനുവിന്റെ (സൈനു ഗര്‍ഭിണിയായിരുന്നു) നിര്‍ബന്ധത്താല്‍ നെജീബ് ഗള്‍ഫിലേക്കു പോകാന്‍ തുനിയുകയാണ്. അവന് സന്തോഷത്തേക്കാളേറെ ആധിയുടെ യാത്രയായിരുന്നു അത്. ഒരു കാര്യം മാത്രമാണ് അവന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നത്. തന്റെ സൈനുവിന്റെ പ്രസവസമയത്ത് , തന്റെ മകളുടെ / മകന്റെ ജനനസമയത്ത് താന്‍ അരികിലുണ്ടാവില്ലല്ലോ. എന്റെ സൈനുവിന്റെ വേദനയില്‍ അടുത്തു നിന്ന് തലോടിക്കൊടുക്കാന്‍ തനിക്ക് കഴിയില്ലല്ലോ!
      നജീബിന് ഗള്‍ഫില്‍ പോകേണ്ട സമയം വന്നു. തന്റെ ഉമ്മയോടും സൈനുവിനോടും പിന്നെ തന്റെ സൈനുവിന്റെ വയറ്റിലെ മകന്‍/മകളോടും യാത്ര പറഞ്ഞ് അവന്‍ യാത്രയായി.
      അറേബ്യയില്‍ എത്തിയ ശേഷം അവന്റേത് ഒരു "ആടുജീവിതമായിരുന്നു". ‍‍ശരിക്കും ഒരു "ആടുജീവിതം". ഒരു മനുഷ്യന്‍ പോലും താമസമില്ലാത്ത ഒരു മനുഷ്യനെപ്പോലും കാണാനാകാത്ത മരുഭൂമിയില്‍ കിടന്ന് അവന്‍ നരകിച്ചു. ആടുകള്‍ക്കിടയിലുള്ള ഒരു ‍ജീവിതമായിരുന്നു അവന്റേത്. ആ ജീവിതം അവന്റെ സ്വപ്നങ്ങളെയെല്ലാം ചുട്ടുകരിച്ചു. ഒരു ആടുനോട്ടക്കാരനായി മാറി അവന്‍ വ‍ഞ്ചിക്കപ്പെട്ടു. ദുഷ്ടനായ അര്‍ബാബ് (ഉടമസ്ഥന്‍) അവനെ ക്രൂരമായി മര്‍ദ്ദിച്ചു.
      ഒരിക്കല്‍ ഇബ്രാഹിം ഖാദരി എന്ന ആടുനോട്ടക്കാരനൊപ്പം അവന്‍ മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ടു. മരുഭൂമിയിലെ വിഭ്രാമകമായ സൗന്ദര്യവും മരുലോകത്തിന്റെ ഒട്ടേറെ സവിശേഷതകളുമൊക്കെ രസകരമായാണ് ബെന്യാമന്‍ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.
      "ആടുജീവിതം" ‌ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല, ചോര വാര്‍ക്കുന്ന ഒരു ജീവിതം തന്നെയാണ് നെജീബിന്റെ ജീവിതം.




3 comments:

  1. നല്ല വായനാനുഭവം.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete